News

ബി വോക് : നിരവധി തൊഴിലവസരങ്ങളുള്ള തൊഴിലധിഷ്ഠിത ബിരുദപഠനം

research
  • 02 Jul
  • 2020

തൊഴിലവസരമൊരുക്കിയിട്ടുള്ള കോഴ്സുകള്‍ക്കു പ്രാമുഖ്യം നല്കിയുള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത് . മികച്ച തൊഴിൽശേഷിയുള്ള വിദ്യാർത്ഥികളെയാണ് എല്ലാ സംരംഭങ്ങളും തിരയുന്നത് . വിദ്യാർത്ഥികളാകട്ടെ ഭൂരിഭാഗംപേരും കോഴ്സ് പൂർത്തിയായ ഉടനെ ജോലിവേണമെന്ന ആഗ്രമുള്ളവരാണ് .ഈ രണ്ട് ആവശ്യങ്ങളും തിരിച്ചറിഞ്ഞാണു യുജിസി 2014 മുതൽ ബാച്ലർ ഓഫ് വൊക്കേഷൻ (ബി വോക്) എന്ന പുതിയ ഒരു കോഴ്സ് നമ്മുടെ വിദ്യാഭ്യാസ രംഗത്ത് അവതരിപ്പിച്ചത് . സാധാരണ ആർട്സ് , സയൻസ് ബിരുദപഠനങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു തൊഴിലധിഷ്ഠിത ബിരുദപഠനമാണ് ഈ കോഴ്‌സിലൂടെ സാധ്യമാകുന്നത് . വ്യവസായമേഖലയുടെകൂടി പങ്കാളിത്തത്തോടുകൂടിയാണ് പാഠ്യപദ്ധതി  തയ്യാറാക്കിയിരിക്കുന്നത് . ഇന്റേൺഷിപ്പും ഫീൽഡ് വർക്കും ഈ കോഴ്‌സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നു . പരമ്പരാഗത, പ്രഫഷനൽ കോഴ്‌സുകളുടെ സമന്വയം ബി വോക്കിലൂടെ സാധ്യമാകുന്നു . ഉദാഹരണത്തിനു ബിവോക് സോഫ്റ്റ്‌വെയർ  ടെക്നോളജി കോഴ്സ് ബിഎസ്‌സി കംപ്യൂട്ടർ സയൻസിനും ബിസിഎയ്ക്കും തുല്യമാണ്. ഇത് പൂർത്തിയാക്കുന്നവർക്ക് എം സി എ ഉൾപ്പെടെയുള്ള കോഴ്‌സുകൾക്ക് ചേർക്കാവുന്നതാണ് . ഓട്ടോമൊബൈൽ , ഐടി, സോഫ്റ്റ്‌വെയർ  ടെക്നോളജി, ബ്രോഡ്കാസ്റ്റിങ് & ജേണലിസം , ഫാർമസ്യൂട്ടിക്കൽ കെമസ്ട്രി, ട്രാവൽ & ടൂറിസം, ആനിമേഷൻ & ഗ്രാഫിക്സ് ഡിസൈൻ, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഫാഷൻ ടെക്നോളജി, സ്പോർട്സ് ന്യൂട്രീഷൻ & ഫിസിയോതെറപ്പി തുടങ്ങി ഏറെ തൊഴിലവസരങ്ങളുള്ള  നിരവധി വിഭാഗങ്ങൾ ബി വോക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു . ഏതെങ്കിലും കാരണവശാൽ പഠനം ഉപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്കും ഈ കോഴ്‌സിലൂടെ ഡിപ്ലോമ , അഡ്വാൻസ്ഡ് ഡിപ്ലോമ എന്നീ സർട്ടിഫിക്കറ്റുകൾ നേടുവാൻ സാധിക്കും . ഒന്നാം വർഷത്തിന് ശേഷം പഠനം മുടങ്ങിയവർക്ക് ഡിപ്ലോമ സർട്ടിഫിക്കേഷൻ , രണ്ടാം വർഷത്തിന് ശേഷം മുടങ്ങിയവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ സർട്ടിഫികേഷൻ എന്നിങ്ങനെയാണ് ലഭിക്കുക . കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി വോക് ബിരുദവും ലഭിക്കുന്നു  കേരളത്തിൽ 15 സ്ഥാപനങ്ങളിലാണു ബിവോക് കോഴ്സുകളുള്ളത്. കാലിക്കറ്റ് സർവകലാശാലയിലെ കോളജുകൾ നേരിട്ടാണു പ്രവേശനം നടത്തുന്നത്. ഏകജാലകത്തിൽ ഈ കോഴ്സുകൾ ഉൾപ്പെട്ടിട്ടില്ല. മറ്റു സർവകലാശാലകളിൽ ഏകജാലക പ്രവേശന രീതിയാണ് പിന്തുടരുന്നത് .  വ്യവസായമേഖലയുമായി കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടാണ് ബി വോക് കോഴ്‌സുകൾക്ക് ഇത്രയെയെ തൊഴിൽ സാധ്യത എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു . ഇന്റേൺഷിപ് കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വരെ വിദ്യാർത്ഥികൾക്ക് തൊഴിൽനേടാൻ ഇതിലൂടെ സാധിക്കുന്നു . വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദിക്കാനുമുള്ള അവസരമുണ്ടാകുമെന്ന് മാത്രമല്ല കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ജോലി സമ്പാദിക്കാനോ അല്ലെങ്കില്‍ സ്വന്തം സംരംഭം ആരംഭിക്കാനോ ഇതിലൂടെ സാധിക്കുന്നു .  തുടർ പഠനം  ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് പ്രസ്തുത കോഴ്‌സിന്റെ ബിരുദാനന്തര ബിരുദ  വിഭാഗമായ  എം വോക് കോഴ്‌സിന് ചേർന്ന് പഠിക്കാവുന്നതാണ് . കേരളത്തിലെ കോഴിക്കോട് , എം ജി , കേരള സർവ്വകലാശാലകൾക്ക് കീഴിൽ വിവിധ  ബി വോക് കോഴ്‌സുകൾ പഠിക്കാവുന്നതാണ് .